ഊട്ടി യാത്ര
ഇന്നൊരു ശനിയാഴ്ചയാണ്. രാവിലെ മുതൽ ഇൻ്റർനാഷനൽ ലോ ഇരുന്ന് വായിക്കുകയായിരുന്നു ഞാൻ. പരീക്ഷ ജൂണിലോ അതല്ലെങ്കിൽ ജൂലായിലോ ആയിരിക്കും എന്നാണ് പൊതുവേയുള്ള ഒരു സംസാരം. പരീക്ഷയുടെ തീയതിയും സമയവും ഒന്നും യൂണിവേഴ്സിറ്റി ഇത് വരെ പുറത്ത് വിട്ടിട്ടില്ല. ഒന്നൊന്നര മാസം സ്വസ്ഥമായിരുന്ന് പഠിക്കാനാണ് ഞാൻ ലീവെടുത്ത് വീട്ടിലേക്ക് പോന്നത് തന്നെ. പക്ഷേ ചോര കൂടി ആവിയായി പോകുന്ന ഈ മുടിഞ്ഞ വേനലിൽ ഒരു കോപ്പും പഠിക്കാൻ കഴിയുന്നില്ല എന്നതാണ് സത്യം.
അങ്ങനെ ഒരു വിധം കഷ്ടപ്പെട്ട് വല്ലപാടും ടെക്സ്റ്റ് ബുക്ക് വായിച്ച് തീർക്കുമ്പോഴാണ് അനിയത്തി ചിന്നു മുറിയിലേക്ക് കടന്നുവന്നത്.
"ഏട്ടൻ പഠിക്കാണോ"? എന്നും ചോദിച്ച് അവൾ കിടക്കയിലേക്ക് ചാഞ്ഞു.
"നിനക്ക് കണ്ടാലറിഞ്ഞൂടേ"? എന്നായിരുന്നു പുസ്തകത്തിൽ നിന്ന് തലപോലും ഉയർത്താതെയുള്ള എൻ്റെ മറുപടി.
"പിന്ന്യേ...."
ഒരു നിമിഷം അവളൊന്ന് മടിച്ചു. കാര്യമൊന്നുമില്ലാതെ അവൾ വരില്ലെന്ന് എനിക്കറിയാം. എന്തെങ്കിലും പദ്ധതി ആ തലച്ചോറിൽ രൂപം കൊണ്ടിട്ടുണ്ടാകും എന്ന് ഞാൻ ഊഹിച്ചു.
"എന്തേ"? ബുക്കൊക്കെ മടക്കി വെച്ച് അരുമയോടെ ഞാൻ ചോദിച്ചു.
"അത് ഏട്ടാ... വാഴ 2 കാണാൻ പോയാലോ? കൂട്ടുകാരികളൊക്കെ കണ്ടു. എനിക്കും കാണണം".
അപ്പോൾ അതാണ് കാര്യം. ഞാൻ കൂടുതൽ തർക്കിക്കാനൊന്നും നിന്നില്ല. പോകാമെന്ന് പറഞ്ഞപ്പോൾ അവൾക്കും സന്തോഷം.
സമയം ഒരു മണിയാവാനായിരുന്നു. പെട്ടെന്ന് ഒരുങ്ങിയിറങ്ങി. അഞ്ച് മിനിറ്റിനകം ഞങ്ങൾ തീയറ്ററിലെത്തി.
തീയറ്ററാണെങ്കിൽ ഹൗസ് ഫുൾ. മാറ്റിനിക്ക് ടിക്കറ്റില്ല. ഒരുങ്ങി കെട്ടിയിറങ്ങിയത് വെറുതെയായ വിഷമത്തിൽ വാടിയ മുഖവുമായി പാർക്കിങ്ങിലേക്ക് തിരികെ നടക്കുന്ന ചിന്നുവിനെ കണ്ടപ്പോൾ ചെറിയൊരു വിഷമം തോന്നി.
"എന്തായാലും ഒരുങ്ങിയതല്ലേ? വേറെ എങ്ങോട്ടേലും പോയാലോ" എന്ന് ഞാൻ ചോദിച്ചതും അങ്ങനെ എന്തെങ്കിലും കേൾക്കാൻ കാത്തിരുന്ന പോലെ "എന്നാ ഊട്ടീല് പോവാം..." എന്നായിരുന്നു അവളുടെ മറുപടി.
ഊട്ടിയിലേക്ക് തൊണ്ണൂറ് കിലോമീറ്ററാണ് ഗൂഗിൾ മാപ്പിൽ കണ്ടത്. ഒരു രണ്ട് രണ്ടര മണിക്കൂറെങ്കിലും എന്തായാലും യാത്രയുണ്ടാവും. ഉച്ച സമയത്ത് പോയാൽ രാത്രി തന്നെ തിരിച്ചെത്താൻ കഴിയുമോയെന്ന കാര്യത്തിൽ എനിക്ക് സംശയമായി.
ചിന്നുവിനോട് അത് പറഞ്ഞപ്പോൾ ഒരു ലോങ്ങ് റൈഡ് പോവാമെന്നായി അവൾ.
നട്ടുച്ച സമയത്തെ പൊരി വെയിലിൽ സെക്യൂരിറ്റി ഗാർഡിൻ്റെ മൊട്ടത്തല വെട്ടിതിളങ്ങുന്നത് കണ്ടപ്പോൾ കുറച്ച് തണുപ്പുള്ള എങ്ങോട്ടേലും പോകാനാണ് തോന്നിയത്.
ചുരം കയറിയാൽ ഗുണ്ടൽപേട്ടിലെ സൂര്യകാന്തി പാടങ്ങളും ചെണ്ടുമല്ലി തോട്ടങ്ങളും കാണാം. ചിന്നുവിൻ്റെ ആഗ്രഹം പോലെ പൂക്കളുടെ നടുവിൽ നിന്ന് ഫോട്ടോയുമെടുക്കാം. ഇനിയിപ്പോൾ കാശ്മീരിലേക്കാണെങ്കിലും അവൾ കൂടെ ഉണ്ടാകും എന്നെനിക്ക് ഉറപ്പായിരുന്നു.
ഞാൻ ബൈക്ക് സ്റ്റാർട്ടാക്കി. കവസാക്കി വൾക്കന് റോയൽ എൻഫീൽഡിൻ്റെ ചിരപരിചിതമായ ശബ്ദമൊന്നുമില്ല... പാരലൽ ട്വിൻ എഞ്ചിൻ്റെ കുറച്ച് കൂടി പതിഞ്ഞ ശബ്ദത്തിലുള്ള മുരൾച്ച ആ ഒഴിഞ്ഞ അണ്ടർ ഗ്രൗണ്ട് പാർക്കിങ് ലോട്ടിൽ മാറ്റൊലി കൊണ്ടു...
തീയറ്ററിന് മുന്നിൽ നിന്ന് പല പോസുകളിൽ സെൽഫിയെടുക്കുകയായിരുന്ന ചിന്നു ഞാൻ ബൈക്ക് സ്റ്റാർട്ടാക്കിയത് കണ്ട് വേഗം വന്ന് ബൈക്കിൽ കയറി.
"ഇൻസ്റ്റേലിടാനാ ഏട്ടാ... ഞാനും സിനിമ കണ്ടൂന്ന് ആൾക്കാരൊക്കെ വിചാരിച്ചോട്ടേ"
കൂട്ടുകാരികളുടെ കൂടെ പിടിച്ചു നിൽക്കാനുള്ള ഓരോരോ കഷ്ടപ്പാടുകൾ... പാവം... ഞാൻ ബൈക്ക് മുന്നോട്ടെടുത്തതും അവൾ എൻ്റെ വയറിലൂടെ കൈ ചുറ്റി പിടിച്ച് ദേഹത്തേക്ക് ചാരി ഇരുന്നു. ഞാൻ ബൈക്ക് നിർത്തി.
"ചിന്നൂ....ഉറങ്ങാനാണേല് വീട്ടില് പോവാം...". അവൾക്ക് ബൈക്കിലിരുന്ന് ഉറങ്ങുന്ന ശീലമുണ്ട്. അവളങ്ങനെ ചാരി ഇരുന്നപ്പോൾ ഉറങ്ങാനാവുമെന്ന് ഞാൻ കരുതി.
അതിനുള്ള അവളുടെ മറുപടി എൻ്റെ പുറത്ത് പല്ലമർത്തിയുളള ഒരു കടിയായിരുന്നു.
"ഞാൻ ഉറങ്ങീട്ടില്ലാന്ന് അറിയിക്കാന് ഇടക്ക് ഇങ്ങനെ കടിക്കണ്ട് ട്ടോ ഏട്ടാ"
"ഇതിലും ഭേദം നീ ഉറങ്ങുന്നതാ"...
ഉച്ച സമയത്തെ വിജനമായ ഹൈവേ. ഇടക്കുള്ള ചെറിയ കവലകളും വഴിയരികിലെ വീടുകളും ഒഴിച്ചു നിർത്തിയാൽ നിലമ്പൂരിനിപ്പുറം വഴിക്കടവ് വരെ റോഡിനിരുവശവും ഏക്കറുകളോളം പരന്നു കിടക്കുന്ന തോട്ടങ്ങളും കാടുകളുമാണ് കൂടുതലും... നാല് മിനിറ്റിനുള്ളിൽ ഞങ്ങൾ ചുങ്കത്തറയെത്തി. ചുങ്കത്തറ കഴിഞ്ഞതോടെ റോഡിൻ്റെ വശങ്ങളിൽ വീടുകളും സ്കൂളും ചർച്ചുകളും തെങ്ങിൻ തോപ്പുകളുമൊക്കെ പ്രത്യക്ഷപ്പെടാൻ തുടങ്ങി. പുരാതനമായ ചർച്ചുകൾ കാണാൻ ഒരു പ്രത്യേക ഭംഗിയാണ്. ചർച്ചും ക്വയർ മ്യൂസിക്കും പള്ളി പെരുന്നാളും ക്രിസ്മസും ഈസ്റ്ററുമൊക്കെ ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളാണെനിക്ക്.
ഞങ്ങൾ എടക്കരയിലെത്തി. കലാസാഗറിൻ്റെ പടി മുതൽ മരുതപ്പുഴക്ക് കുറുകെയുള്ള പാലം വരെ ഒരു മൂന്ന് നാല് കിലോമീറ്ററിലേറെ ദൂരത്തിൽ നീണ്ടു കിടക്കുന്ന വലിയൊരു അങ്ങാടിയാണ് എടക്കര ടൗൺ.
പണ്ട് എടക്കരയിൽ ഉണ്ടായിരുന്ന ഒരു പ്രശസ്തമായ സിനിമാ തിയറ്ററാണ് കലാസാഗർ. തീയറ്റർ പൂട്ടി പോയിട്ട് വർഷങ്ങളായിരിക്കുന്നു. പക്ഷേ ആ പേര് മാത്രം വിസ്മൃതിയിലാണ്ട് പോകാതെ ഇന്നും അതേ പ്രൗഢിയോടെ നിലനിൽക്കുന്നു.
ചിന്നു അവളെഴുതിയ പുതിയൊരു കവിത എൻ്റെ ചെവിയിൽ മൂളി എന്നെ കഷ്ടപ്പെടുത്തുകയായിരുന്നു. അവളുടെ കിളി കൊഞ്ചലും കേട്ട് — പാതിയും ചെവിയിലടിക്കുന്ന കാറ്റിൽ കേൾക്കുന്നുണ്ടായിരുന്നില്ല— മനസ്സിൽ തിരതല്ലുന്ന ആഹ്ലാദത്തോടെ ബൈക്കോടിക്കുകയായിരുന്നു ഞാൻ.
പെട്ടന്നാണ് മുപ്പിനി പാലത്തിനടുത്ത ജംഗ്ഷനിൽ വെച്ച് ഏതോ ഒരു ചേച്ചി സ്കൂട്ടർ കൊണ്ട് വന്ന് റോഡിൻ്റെ നടുവിൽ കയറ്റി നിർത്തിയത്. തൊട്ടു മുൻപിലെ പോക്കറ്റ് റോഡിലേക്ക് തിരിയാനാണ്. വണ്ടികൾ പലതും ചീറിപ്പായുന്ന റോഡാണ് എന്ന ബോധം പോലുമില്ലാതെ നടുവിൽ കൊണ്ട് കയറ്റിയിട്ടേ തിരിക്കാവൂ എന്ന് ആരോ പറഞ്ഞ് കൊടുത്തത് പോലെയാണ് അവർ സ്കൂട്ടർ റോഡിന് നടുവിൽ നിർത്തിയിരിക്കുന്നത്.
വളവ് തിരിഞ്ഞ് വന്ന ഒരു ടെമ്പോ ട്രാവലർ റോഡിന് നടുവിൽ സ്കൂട്ടർ കണ്ട് പെട്ടെന്ന് വെട്ടിച്ചു ഞങ്ങളുടെ നേരെ പാഞ്ഞ് വന്നു. വെപ്രാളത്തോടെ ഫുട്പാത്തിലേക്ക് കയറ്റി ഞാൻ ആ ചേച്ചിക്കും ടെമ്പോ ട്രാവലറിനും ഇടയിലൂടെ ബൈക്ക് വെട്ടിച്ചെടുത്തു. തൊട്ടുമുന്നിലെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് കയറാതെ ആങ്കർ ഡ്രോപ്പ് ചെയ്ത് നിർത്തിയപ്പോൾ അനിയത്തി പിന്നിലിരിക്കുന്നുണ്ടെന്ന ഓർമ്മയിൽ എൻ്റെ വയറൊന്ന് കാളി. അവളുടെ നീണ്ടു മെലിഞ്ഞ കൈകൾ സംഭ്രമത്തോടെ എന്നെ വരിഞ്ഞു മുറുക്കുന്നത് ഞാനറിഞ്ഞു.
മരണത്തെ മുഖാമുഖം കണ്ട ആ ഒരു നിമിഷത്തിൽ ഞാൻ വല്ലാതെ ഉലഞ്ഞു പോയിരുന്നു. പെരുവഴി മദ്ധ്യേ നടന്നു പോവുന്ന ഭീമാകാരനായ പോത്തിൻ്റെ പുറത്തിരിക്കുന്ന കാലനെ ഞാൻ കണ്ടു. ഒറ്റക്കാണെങ്കിൽ പിന്നെയും സഹിക്കാം. അനിയത്തി ഒപ്പമുള്ളതാണ് ഞാൻ അത്രക്ക് പേടിക്കാൻ കാരണം.
ഒന്ന് രണ്ട് നിമിഷത്തിനകം സ്വസ്ഥമായ മനസ്സോടെ വീണ്ടും ബൈക്ക് സ്റ്റാർട്ടാക്കി ഞാൻ ഫുട്പാത്തിൽ നിന്ന് റോഡിലേക്ക് ഇറക്കി. കുറച്ച് ദൂരം കൂടി മുന്നോട്ട് സഞ്ചരിച്ച് ഹൈവേയിൽ വളവുകൾ ഒന്നും ഇല്ലാതെ നീണ്ടു കിടക്കുന്ന ഒരു ഭാഗത്തെത്തിയപ്പോൾ ഞാൻ ഹാൻഡിൽ ബാറിൽ നിന്ന് കയ്യെടുത്ത് ചിന്നുവിൻ്റെ കൈകൾ എടുത്ത് പിടിച്ചു.
“പേടിച്ചോ?.... ആ ടെമ്പോക്കാരൻ ഇപ്പോ കോടതി കയറേണ്ടി വന്നേനെ”
കാറ്റിൽ അലിഞ്ഞു പോയ ചെറിയ കിതപ്പുകളോടൊപ്പം ചിന്നുവിൻ്റെ കൈകൾ നന്നായി വിറക്കുന്നുണ്ടായിരുന്നു. ഞാനാ കൈയിൽ പതിയെ തലോടി. പാവം. നന്നായി പേടിച്ചിട്ടുണ്ട്.
ബാംഗ്ലൂരിലെ ട്രാഫിക്കിൽ വണ്ടി ഓടിച്ച് ശീലിച്ച എന്നെ സംബന്ധിച്ചിടത്തോളം ഇതൊക്കെ നിത്യസംഭവങ്ങളാണ്. പക്ഷേ അവൾക്ക് അങ്ങനെയല്ല.
വഴിക്കടവ് കഴിഞ്ഞതോടെ നാടുകാണി ചുരം റോഡിൻ്റെ ആരംഭമായി. ചുരം കയറാൻ തുടങ്ങിയതോടെ നേരിയ തണുപ്പ് തോന്നി തുടങ്ങി. വളഞ്ഞ് പുളഞ്ഞ് മുകളിലേക്ക് കയറി പോകുന്ന മലമ്പാതയിലൂടെ ക്രൂയിസർ ബൈക്ക് ഓടിച്ചു കൊണ്ടു പോകുന്നത് ഒരൽപം കഷ്ടപ്പാടായിരുന്നു. ഹെയർപിൻ വളവുകളിൽ ഞാൻ ബൈക്ക് ചെരിച്ചപ്പോൾ റോഡിലേക്ക് വീണു പോകുമെന്ന് തോന്നി. ഓരോ വളവുകളിലും പിന്നിലിരുന്ന ചിന്നു എന്നെ മുറുകെ പിടിക്കുന്നുണ്ടായിരുന്നു.
ഇടത് വശത്ത് പലതരം മരങ്ങൾ തിങ്ങി നിറഞ്ഞ അഗാധമായ താഴ്വരകളാണ്. റോഡിനൊപ്പം ഉയരത്തിൽ മരങ്ങളുടെ പച്ച മേലാപ്പ് മാത്രം കാണാനുണ്ട്. വലത് വശത്തുള്ള കുന്നുകൾ കൊടും വേനലിലും മരങ്ങളുടെ കടും പച്ചപ്പിൽ പുതച്ചുനിൽക്കുന്നുണ്ടായിരുന്നു. ഇടക്ക് ചില ചോലകൾ. വലിയ പാറക്കൂട്ടങ്ങൾ. ആനമറി കഴിഞ്ഞതോടെ നീലഗിരി ബയോസ്ഫിയറിൻ്റെ മനോഹരമായ കാഴ്ചകൾ കണ്ണിന് ആനന്ദമായി.
ചിന്നു എന്തോ പറഞ്ഞു. ചെവിയിൽ വീശിയടിക്കുന്ന തണുത്ത കാറ്റിൻ്റെ മൂളിച്ചയിൽ അവൾ പറഞ്ഞതെന്താണ് എന്നെനിക്ക് മനസ്സിലായില്ല.
"ഏട്ടാ... ഫോട്ടോയൊക്കെ എടുത്ത് പതുക്കെ പോയാല് മതി". ഞാൻ മറുപടി ഒന്നും പറയാഞ്ഞത് കണ്ട് ചിന്നു എൻ്റെ ഹെൽമെറ്റുയർത്തി ചെവിയിൽ പറഞ്ഞു.
വഴിയരികിൽ ആനകളെ പോലെ തോന്നിക്കുന്ന ഒരുപാട് പാറക്കൂട്ടങ്ങൾ കണ്ട് ഞാൻ ബൈക്കൊതുക്കി.
"ഇതെവിടെയാ ഏട്ടാ സ്ഥലം"? എന്നും ചോദിച്ച് ചിന്നു നാലുപാടും നോക്കി.
"തേൻ പാറ"
അങ്ങനെ പറഞ്ഞെങ്കിലും എനിക്കും വലിയ ഉറപ്പില്ലായിരുന്നു. സ്ഥലപ്പേര് സൂചിപ്പിക്കുന്ന വല്ല ദിശാസൂചികയും എവിടെയെങ്കിലുമുണ്ടോയെന്ന് ഞാൻ ചുറ്റും പരതി.
നട്ടുച്ചക്കും സന്ധ്യാസമയമാണെന്ന് തോന്നിപ്പോകുന്ന ഏകാന്തമായൊരിടം. ചെറിയൊരു ചെരിവോടെ മുകളിലേക്ക് ഒരു കൊടുമുടി പോലെ ഉയർന്നു നിൽക്കുന്ന സഹ്യപർവ്വതത്തിൻ്റെ പുരാതനമായ ഗാംഭീര്യത്തിനു മുന്നിൽ ഞങ്ങൾ വളരെ ചെറുതായിരുന്നു. പാറയിടുക്കുകളിലൂടെ തുള്ളിച്ചാടി കലപില കൂട്ടി അതിവേഗം താഴേക്ക് ഒഴുകിയിറങ്ങുന്ന ചോല കണ്ട് ചിന്നു അങ്ങോട്ട് ചെന്നു. ചുറ്റിനും കനത്ത നിശബ്ദത മാത്രം. സാധാരണ കാണുന്ന പക്ഷികളും കുരങ്ങൻമാരും ഒന്നുമില്ല. നിലത്ത് വീണു കിടക്കുന്ന കരിയിലകൾ തട്ടി നീക്കിയപ്പോൾ അതിനടിയിൽ പ്രാണികളുമില്ല. ജീവരാശിയുടെ ഒരു സാന്നിദ്ധ്യവും ഇല്ലാത്തൊരിടം. ചോലക്ക് ചുറ്റും ആനപ്പിണ്ടം കണ്ടപ്പോൾ എനിക്ക് ചെറിയൊരു അത്ഭുതം തോന്നാതിരുന്നില്ല.
"ചിന്നൂ... ഇവിടെ നിക്കണ്ട... പോകാം"...
പാറക്ക് മുകളിൽ വലിഞ്ഞു കയറി ഫോട്ടോ എടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ചിന്നു. ഞാൻ വിളിച്ചത് കേട്ട് അവൾ മിണ്ടാതെ ഇറങ്ങി വന്ന് ബൈക്കിൽ കയറി.
ചുരത്തിൽ വീശിയടിക്കുന്ന ഈർപ്പം നിറഞ്ഞ തണുത്ത കാറ്റിന് നനഞ്ഞ പച്ച മണ്ണിൻ്റെ ഗന്ധമായിരുന്നു. ചുറ്റിനും ചതച്ചരച്ച യൂക്കാലിപ്റ്റിസിൻ്റെ മണം പരന്നു. ചിന്നു എൻ്റെ പുറത്ത് തല ചേർത്തു വെച്ച് ചാരി കിടക്കുകയാണ്....
"ഏട്ടാ..." ചെവിയിൽ നേർത്ത മന്ത്രണത്തിൻ്റെ തിരയടക്കം. "ഗന്ധർവ്വനിറങ്ങുമ്പോ ഉള്ളതു പോലത്തെ മണം"
"പേടി തോന്നുന്നുണ്ടോ നിനക്ക്"?
"ഇല്ല... ഏട്ടനില്ലേ കൂടെ...."
ഞാൻ ഗിയർ മാറ്റി. ആക്സിലറേറ്റർ തിരിച്ചു. വണ്ടിക്ക് വേഗത കൂടി.
"എന്നാലേ അത് ഗന്ധർവ്വനല്ല. ആനക്കൂട്ടം ഇറങ്ങിയതാ...." ഒരു ചിരിയോടെ ഞാൻ തുടർന്നു....." ഇന്നലെ ഇവിടെ നല്ല മഴ പെയ്തൂന്ന് തോന്നുന്നുണ്ട്. ചിലപ്പോ മഞ്ഞാവും. ചോല നിറഞ്ഞൊഴുകുന്നത് കണ്ടിട്ട് മലയുടെ മേലെ എവിടെയോ നല്ല മഴ പെയ്തിട്ടുണ്ടൂന്നാ തോന്നണത്..."
വണ്ടിക്ക് വേഗത കൂടിയപ്പോൾ ഹാൻഡിൽ ബാറിൽ പിടിച്ച വിരൽത്തുമ്പുകളെ മരവിപ്പിക്കുന്ന തണുപ്പ് അനുഭവപ്പെട്ടു തുടങ്ങി. ഉച്ചസമയത്തും പശ്ചിമഘട്ടത്തിന് മുകളിൽ വെള്ളക്കടലായി പരന്ന മൂടൽമഞ്ഞ് റോഡിലെ മഞ്ഞവരകളെ മായ്ച്ചുകൊണ്ട് പ്രേതങ്ങളെപ്പോലെ ഒഴുകി നടന്നു.
"ഈ മൂടൽ മഞ്ഞിൻ്റെ ഉള്ളിലൂടെ പോവുമ്പോ ദേവലോകത്ത് ചെന്ന പോലെണ്ട്. ഇല്ലേ ഏട്ടാ"?
ഞാൻ ഒന്നും പറഞ്ഞില്ല. ചിന്നു കൈകൾ നിവർത്തി നീട്ടി പിടിച്ച് നിവർന്നിരുന്നു… പെട്ടെന്ന് ഒരു ചുവന്ന സ്വിഫ്റ്റ് കാർ എതിരെ വന്നു. ഞങ്ങളെ കണ്ടപ്പോൾ അവർ രണ്ട് പ്രാവശ്യം ബ്രൈറ്റടിച്ച് കൈവീശി കാണിച്ചു. ഞാനും നീട്ടി മൂന്ന് ഹോണടിച്ച് ബൈക്കിന് വേഗത കൂട്ടി.
"എന്താ അവര് പറഞ്ഞത്? ഏട്ടനെന്തിനാ ഇത്രക്ക് സ്പീഡില് പോണത്"? ചെറിയൊരു ചിന്താ കുഴപ്പത്തോടെ ചിന്നു ചോദിച്ചു.
"നമ്മള് വരണ വഴിക്ക് റോഡില് ആനക്കൂട്ടം എങ്ങാനും ഉണ്ടോന്നാ അവര് ചോദിച്ചത്. ഇല്ലാന്ന് ഞാൻ പറഞ്ഞു. മേലെ എവിടെയോ ആന ഇറങ്ങീട്ടുണ്ടൂന്ന്. അതോണ്ട് പെട്ടെന്ന് പോകാനാ അവര് പറഞ്ഞത്. അതാ ഞാൻ സ്പീഡ് കൂട്ടിയത്. വേഗം ഗൂഡല്ലൂരെത്താൻ"
"അതാണോ ഏട്ടനെന്നെ ചോലേടെ അവിടുന്ന് വേഗം വിളിച്ചത്"?
"അതെന്നെ. നീ അവിടെ ഫ്രഷ് ആനപ്പിണ്ടം കണ്ടില്ലേ ചോലേൻ്റെ ചുറ്റും? അവിടെ ആ ചുറ്റുവട്ടത്ത് എവിടെയോ ആനകളുണ്ട്. ചോലയിലെ വെള്ളോം കുടിക്കാം. മുളേൻ്റെ ഇളം തണ്ട് പൊട്ടിച്ച് തിന്നേം ചെയ്യാം.. ആനകൾക്ക് അത് വല്ല്യ ഇഷ്ടാ... അവിടെ ഫോട്ടോ എടുക്കാൻ നിന്നാല് ആന ചിലപ്പോ നമ്മളെ കൊമ്പില് കോർക്കും.. എന്തിനാ വെറുതെ .... അതാ വേഗം പോവാന്ന് പറഞ്ഞെ"
ചിന്നു ഒന്നും മിണ്ടാതെ വഴിയോര കാഴ്ചകൾ കാണുന്നതിൽ മുഴുകി.
"എന്നാലും എങ്ങനെയാല്ലേ ഈ ആന ഒളിച്ച് നിക്കണത്"?
അവളുടെ ആ ചോദ്യം കേട്ടപ്പോളാണ് ഞാനും അക്കാര്യം ചിന്തിച്ചത്. കരയിലെ ഏറ്റവും വലിയ ജീവിയാണ് ആന. പക്ഷേ ആന തൊട്ടടുത്ത് നിൽക്കുന്നുണ്ടെങ്കിൽ പോലും കാണാൻ കഴിയില്ല.. ആ വലിയ ജീവിയെ സത്യം പറഞ്ഞാൽ എളുപ്പത്തിൽ കാണാൻ കഴിയുകയാണ് വേണ്ടത്. പക്ഷേ എങ്ങനെയാണ് ആനകൾ കൺമുന്നിൽ ഒളിക്കുന്നത് എന്നെനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല.




That is some neat writing. What language is that written in?
വാഴ സിനിമ കാണാൻ പറ്റാത്തത് കൊണ്ട് വാഴ 3 ക് തിരക്കഥ എഴുതുവാണോ 🥹🤍.
Kollam bro 2 vayichit varam👀